ഗോവ: നാല് വയസുകാരനെ കൊന്ന് പെട്ടിയിലാക്കിയ യുവതി പിടിയില്‍. ഗോവയില്‍വെച്ച് കൊലപ്പെടുത്തിയശേഷം കര്‍ണാടകയിലേക്ക് ടാക്സിയില്‍ വരുന്നതിനിടെയാണ് സൂചന സേത്തിനെ(39) അറസ്റ്റ് ചെയ്തത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ സിഇഒയാണ് സൂചന. കൊല ചെയ്യാനുള്ള കാരണം വ്യക്തമല്ല.
ജനുവരി 6നാണ് കുഞ്ഞുമായി സൂചന ഗോവയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ എത്തുന്നത്. ജനുവരി 8ന് മുറി വിട്ട സൂചന അത്യാവശ്യമായി ബംഗളൂരുവിലേക്ക് പോകാന്‍ റിസെപ്ഷനില്‍ ടാക്സി ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് കുറഞ്ഞ ചിലവില്‍ വിമാനത്തില്‍ പോകുന്നതാണ് സൗകര്യമെന്ന് പറഞ്ഞെങ്കിലും ടാക്സിയില്‍ പോകാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. യുവതി പോയശേഷം മുറി വൃത്തിയാക്കാന്‍ ചെന്ന ജീവനക്കാരന്‍, രക്തക്കറകള്‍ കണ്ടു സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റ് വിട്ട യുവതിയുടെ കൂടെ കുട്ടിയില്ലെന്ന് കണ്ടെത്തി. ഉടന്‍ പോലീസ് ടാക്സി ഡ്രൈവറിനെ ഫോണില്‍ ബന്ധപ്പെട്ട് യുവതിക്ക് ഫോണ്‍ നല്കാന്‍ ആവശ്യപെട്ടു. മകന്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ അവനെ സുഹൃത്തിന്‍റെ വീട്ടിലാക്കി എന്ന് പറഞ്ഞു. സുഹൃത്തിന്‍റെ വിലാസം ചോദിച്ചപ്പോള്‍ തെറ്റായ വിവരം നല്‍കി സൂചന പോലീസിനെ കബളിപ്പിച്ചു.
സംശയം തോന്നിയ പോലീസ് ടാക്സി ഡ്രൈവറിനെ വീണ്ടും ബന്ധപ്പെടുകയും യുവതി അറിയാതെ ഏറ്റവും അടുത്ത പോലിസ് സ്റ്റേഷനിലേക്ക് അവരെ എത്തിക്കാനും ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗ പട്ടണത്തിലെത്തിയ ടാക്സി, പോലീസ് നിര്‍ദ്ദേശമനുസരിച്ച് ഐമംഗല സ്റ്റേഷനില്‍ എത്തിച്ചു. പോലിസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എഐ ലാബിന്റെ സ്ഥാപകയും സിഇഒയുമാണ് പ്രതിയായ സൂചന സേത്ത് .