തിരുവനന്തപുരം : പൂവച്ചല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ കണ്ടല സ്വദേശി മുഹമ്മദ് അഫ്സലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥിയും വെള്ളനാട് സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചേര്‍ന്നാണ് ആക്രമിച്ചത്.
ഉച്ചയോടെ പൂവച്ചലിന് സമീപത്തുവച്ചാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം പൂവച്ചൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി നടന്നിരുന്നു.
ഇതേ സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിനെ ആക്രമിച്ച കേസില്‍ പുറത്താക്കിയിരുന്നു. ഈ സംഭവത്തിന് കാരണമായ സംഘട്ടനത്തില്‍ രണ്ട് പക്ഷത്തിലായി ഉണ്ടായിരുന്നവരാണ് കുത്തേറ്റയാളും അക്രമി സംഘത്തിലെ ഒരാളും. പ്രതികള്‍ നാലുപേരും കാട്ടാക്കട പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.