എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരാം. കേസ് ഡയറി പരിശോധിച്ച കോടതി, നിലവിലെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ചു.സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കണം. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കണം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലെ അന്വേഷണ പുരോഗതിയും റേഞ്ച് ഡിഐജി നേരിട്ട് പരിശോധിക്കേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി കോടതി തീര്‍പ്പാക്കി.
യതീഷ് ചന്ദ്രയാണ് പുതിയ കണ്ണൂര്‍ റേഞ്ച് ഡിഐജി. ഇതോടെ യതീഷ് ചന്ദ്ര അന്വേഷണ മേല്‍നോട്ടം വഹിക്കും. ഇതുവരെ കണ്ണൂര്‍ എസ്പിയാണ് അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്നത്.