തിരുവനന്തപുരം: ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജനുവരി 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നും രാവിലെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ സെക്രട്ടറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസിനു നേരെയടക്കം വ്യാപകമായ ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.