THIRUVATHIRA TOMORROW

ഈ വാർത്ത ഷെയർ ചെയ്യാം

നാളെ ധനുമാസത്തിലെ തിരുവാതിര,ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിൻറെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര…കൂടുതൽ വായിക്കാം.

ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിൻറെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര. അശ്വതിനാളിൽ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളിൽ സമാപിക്കുന്നു. അശ്വതിയിൽ വ്രതം തുടങ്ങിയാൽ പുലർച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളിൽ പ്രകാശം പരക്കുംമുമ്പ്, കാർത്തികനാളിൽ കാക്ക കരയും മുമ്പ്, രോഹിണി കരയും നാളിൽ രോമം പുണരുംമുമ്പ്, മകയിരം നാളിൽ മക്കൾ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം കുളിക്കണം എന്നാണ് പഴമൊഴി
കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകൾ.

അതിൽ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കുവേണ്ടിയാണെങ്കിൽ തിരുവാതിര ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്. മകയിരത്തിൻറെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചിൽ, ഏത്തയ്ക്ക, മാറാൻ ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകൾ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വൻപയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്.

സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീകൾ നൂറ്റൊന്നു വെറ്റില കീറാതെ മുറുക്കണമെന്നാണ് പറയുന്നത്. തിരുവാതിര നാളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് പാതിരപ്പൂചൂടൽ. പാതിരാപ്പൂ എന്നു പറയുന്നത് ദശപുഷ്പത്തെയാണ്. വളരെ രസകരമായ നിമിഷങ്ങളാണ് ഇത്. കുട്ടികൾ കളിക്കാറുളള പൂപറിക്കാൻ പോവുന്നോ എന്ന കളിപോലെയാണിതും തുടങ്ങുന്നത്. തിരുവാതിര സ്ത്രീകൾ ഇരുഭാഗമായി തിരിയുന്നു. ഒരു ഭാഗമുളളവർ പൂ പറിക്കാൻ പോരുമോ എന്ന പാട്ടുപാടുമ്പോൾ മറുഭാഗത്തുളളവർ ഞങ്ങളാരും വരുന്നില്ല എന്ന പാട്ടുപാടുന്നു. പ്രാദേശിക വ്യത്യാസം അനുസരിച്ച് ആ ദേശത്തെ ദേവനെ വണങ്ങി ഈ പാട്ടുകളിൽ സ്തുതിക്കാറുണ്ട്.

പാതിരാ കഴിയുന്നതോടെ പാതിരാപ്പൂ എടുക്കാൻ കൂടി പോവുന്നു. കൊടിവിളക്കും അഷ്ടമംഗല്യവും കിണ്ടിയിൽ വെള്ളവുമായി ആർപ്പും കുരവയോടുംകൂടിയാണ് പാതിരാപ്പൂ എടുക്കാൻ പോവുന്നത്. പാതിരാപ്പൂ നേരത്തെ തന്നെ ഒരു സ്ഥലത്ത് കൂട്ടത്തിലുളള ആരെങ്കിലും വെച്ചിരിക്കും. പിന്നീട് പൂത്തിരുവാതിര കൊണ്ടാടുന്ന പെണ്ണിനെ ആവണിപ്പലകയിൽ ഇരുത്തി പാതിരാപ്പൂവിൻറെ നീര് കൊടുക്കുക എന്ന ചടങ്ങ് നടത്തും. പത്തു പുഷ്പങ്ങളെക്കുറിച്ചു പാടുന്ന പാട്ടിൽ എല്ലാം നീർകൊടുക്കാൻ പറയുന്നുണ്ട്. ആ സമയത്താണ് കിണ്ടിയിൽ നിന്നു വെള്ളം എടുത്ത് ചെറുതായി ഒഴിക്കുന്നു. അതുകഴിഞ്ഞ് പൂത്തിരുവാതിരപ്പെണ്ണ് പാതിരാപ്പൂ എടുത്ത് വരുന്നു. വഞ്ചിപ്പാട്ടാണ് ഈ സമയത്ത് പാടുന്നത്.
പാതിരാപ്പൂ വിളക്കത്തുവെച്ച് പൂത്തിരുവാതിരപ്പെണ്ണും കൂടെ ഇരിക്കുന്നു. പിന്നീടാണ് ദശപുഷ്പത്തെ സ്തുതിക്കുന്നത്. ഒാരോ പൂവിനും ഒാരോ ദേവതമാരുണ്ട്. പത്തു പുഷ്പത്തെക്കുറിച്ചും പാടിക്കഴിഞ്ഞാൽ പാതിരാപ്പൂ ചൂടുകയായി. തുടർന്നും തിരുവാതിരക്കളി തുടരുന്നു. പിറ്റേന്നും പുലർച്ചെവരെയാണ് കളി നടക്കുന്നത്.

എല്ലാ സഹോദരിമാർക്കും നന്മനിറഞ്ഞ തിരുവാതിര ആശംസിക്കുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!