ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്…

ഈ വാർത്ത ഷെയർ ചെയ്യാം

ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയത്തിന് ഇന്ന് 84 വയസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരില്‍ മലയാളികൾ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്…

കട്ടപ്പറമ്പിൽ ജോസഫ് യേശുദാസ് എന്ന ഗായകൻ സംഗീതത്തിനും ശബ്ദത്തിനുമൊക്കെ അപ്പുറം കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. കലണ്ടറുകൾ ഏറെ മാറി മറിഞ്ഞിട്ടും ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളികളുടെ മനസ്സിൽ ഭദ്രം.940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും ഈ അതുല്യഗായകൻ സാന്നിധ്യം അറിയിച്ചു.

അച്ഛൻ പാടി തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949 ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ വിളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടുവെന്നത് ഇന്ന് പലര്‍ക്കും അത്ഭുതമാണ്. എന്നാൽ പിന്നീടിങ്ങോട്ട് യേശുദാസിന്റെ ശബ്ദം ആകാശവാണിയിലൂടെ കേള്‍ക്കാത്ത ഒരുദിവസം പോലും മലയാളികൾക്കില്ല.

1961നവംബർ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കോർഡ് ചെയ്തത്. കെ എസ് ആന്റണി എന്ന സംവിധായകൻ തന്റെ കാൽപാടുകൾ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. പിന്നീട് യേശുദാസ് മലയാള സിനിമയുടെ ഭാഗമായി. മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരള, തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്..അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ാം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!