തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച ബാലരാമപുരം സംഭവത്തിൽ ഒരു ജ്യോതിഷി അറസ്റ്റിൽ.കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസന്‍ എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ അറസ്റ്റ് രണ്ടായി.

പാരലല്‍ കോളജ് അധ്യാപകനായിരുന്ന പ്രദീപ് കുമാര്‍ പിന്നീട് എസ്.പി.കുമാര്‍ എന്ന പേരില്‍ കാഥികനായെന്നും പിന്നീട് ശംഖുമുഖം ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദിയും ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കേസിലേക്കു മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായി മതപരമായ വിഷയങ്ങളില്‍ ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്.കേസില്‍ അറസ്റ്റിലായ ഹരികുമാര്‍ ഇത്തരത്തില്‍ ഒരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നല്‍കിയെന്നും ഈ പണം തട്ടിച്ചതായി പേട്ട സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ദേവീദാസനെ കസ്റ്റഡിയില്‍ എടുത്ത് ബാലരാമപുരം സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നത്.