തിരുവനന്തപുരം: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ. തികച്ചും ഏകപക്ഷീയമായി മാറിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബിഹാറിനെയാണ് ഇന്നിങ്സിനും 169 റണ്‍സിനും തകർത്ത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നാം ഇന്നിങ്സില്‍ വെറും 64 റണ്‍സിനു പുറത്തായി ഫോളോഓണ്‍ ചെയ്ത ബിഹാര്‍, രണ്ടാം ഇന്നിങ്സിലും കൂട്ടത്തോടെ തകര്‍ന്നടിഞ്ഞ് 41.1 ഓവറില്‍ 117 റണ്‍സിനു പുറത്തായതോടെയാണ് കേരളം കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
സ്കോര്‍: കേരളം 351, ബിഹാര്‍ 64 & 118.
കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ ഹരിയാന തോറ്റാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറിലെത്താം.
ഹരിയാന, കര്‍ണാടക, ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്മാര് ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളം തകര്‍പ്പന്‍ പ്രകടനവുമായി ക്വാര്‍ട്ടറില്‍ കടന്നത്. ഈ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോള്‍ നടന്നുവരുന്ന ഹരിയാന കര്‍ണാടക മത്സരം കൂടി പൂര്‍ത്തിയായെങ്കില്‍ മാത്രമേ കേരളത്തിനൊപ്പം ഗ്രൂപ്പില്‍നിന്ന് ആരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത് എന്ന കാര്യത്തില്‍ അന്തിമ ചിത്രമാകൂ.