പന്തളം : ശബരിമല മകരവിളക്കിന് ചാർത്താൻ പന്തളത്തുനിന്നും കൊണ്ടുപോകുന്ന തിരുവാഭരണം 70 വർഷമായി ചുമക്കുന്ന ഗുരുസ്വാമി ഗംഗാധരൻ പിള്ള സ്വാമിക്ക് ഭക്തജനാവലിയുടെ നവതി പ്രണാമം..
തെണ്ണൂറിലും തളരാത്ത ദൃഢഗാത്രനായ ഗുരുസ്വാമി ഗംഗാധരൻ പിള്ള, പന്തളം പാട്ടുപുരക്കാവിൽ ക്ഷേത്രത്തിൽ തടിച്ചു കൂടിയ ഭക്തജനങ്ങളെ അഭിവാദ്യം ചെയ്തപ്പോൾ ഇടതടവില്ലാതെ ശരണഘോഷം മുഴങ്ങി.

മൂന്നു ദിവസം രാപകൽ അനായാസം തിരുവാഭരണമടങ്ങിയ തേക്ക് നിർമ്മിത പേടകം ചുമക്കുമ്പോൾ സ്വയം അയ്യപ്പനായി മാറുന്ന ആത്മ നിർവൃതിദായകമായ അനുഭവമാണെന്ന് ഗുരുസ്വാമി പറഞ്ഞു.
പന്തളം കൊട്ടാരം സെക്രട്ടറി സുരേഷ് വർമ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ കുമ്മനം രാജശേഖരൻ പൊന്നാടയണിയിച്ചു അദ്ദേഹത്തെ ആദരിച്ചു.. തന്ത്രി മുഖ്യൻ അക്കീരമൺ ഭട്ടതിരിപ്പാട്, ഈ റോഡ് രാജൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് ധന്യമായി.