പ്രമുഖ ഫുഡ്- ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഇനി മുതൽ ‘എറ്റേർണൽ’ എന്ന പേരിൽ അറിയപ്പെടും. വ്യാഴാഴ്ച്ച രാത്രിയാണ് കമ്പനി പുതിയ മാറ്റം പ്രഖ്യാപിച്ചത്. പുതിയ ലോഗോയും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
സൊമാറ്റോ ഉടൻ തന്നെ എറ്റേണൽ ലിമിറ്റഡ് എന്നറിയപ്പെടുമെന്നും കമ്പനിയുടെ പേര് മാറ്റത്തിന് ബോർഡ് അംഗീകാരം നൽകിയതായും സിഇഒ ദീപീന്ദർ ഗോയലാണ് അറിയിച്ചത്. ഇത് ഒരു പേരുമാറ്റം മാത്രമല്ലെന്നും കമ്പനിയെ തന്നെ അഴിച്ചുപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുഡ് ഡെലിവറി വെര്‍ട്ടിക്കല്‍ — സൊമാറ്റോ, ക്വിക്ക്‌കൊമേഴ്‌സ് യൂണിറ്റ് — ബ്ലിങ്കിറ്റ്, ലൈവ് ഇവന്റ് ബിസിനസ് — ഡിസ്ട്രിക്റ്റ്, കിച്ചണ്‍ സപ്ലൈസ് യൂണിറ്റ് — ഹൈപ്പര്‍പ്യുര്‍ എന്നിങ്ങനെ നാല് പ്രധാന ബിസിനസുകള്‍ എറ്റേണലില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.‘ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍, കമ്പനിയെയും ആപ്പിനെയും വേര്‍തിരിച്ചറിയാന്‍ ഞങ്ങള്‍ ‘എറ്റേണല്‍’ സൊമാറ്റോയ്ക്ക് പകരം ഉപയോഗിക്കാന്‍ തുടങ്ങി.
‘സൊമാറ്റോയ്ക്ക് അപ്പുറമുള്ള ഒന്ന് നമ്മുടെ ഭാവിയുടെ പ്രധാന ചാലകശക്തിയായി മാറുന്ന ദിവസം, കമ്പനിയുടെ പേര് പരസ്യമായി എറ്റേണല്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി,’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. കമ്പനിയുടെ പേര് മാറിയെങ്കിലും, സൊമാറ്റോ ആപ്പ് നിലവിലുള്ള പേരില്‍ തന്നെ പ്രവര്‍ത്തിക്കുക. കമ്പനിയുടെ സ്‌റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും.
ഓഹരി ഉടമകൾ മാറ്റം അംഗീകരിച്ചുകഴിഞ്ഞാൽ, കമ്പനി അതിൻ്റെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.comൽ നിന്ന് eternal.comലേക്ക് മാറ്റും. ഡിസംബർ 23 ന് സൊമാറ്റോ ബിഎസ്ഇ സെൻസെക്സിൽ പ്രവേശിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് കമ്പനി മുഖം മിനുക്കുന്നത്.സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയാണ് സൊമാറ്റോ.