കൊച്ചി: കേരളത്തിലെ മുൻ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു.അന്ത്യം കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിലായിരുന്നു.84 വയസ്സായിരുന്നു.
സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി, കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ടി.എച്ച്.മുസ്തഫ.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ നിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു.
1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്ന മുസ്തഫ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ഗവർണറുടെ വസതിയായ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ ദൂരമുള്ള കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായിരുന്നു.