SOCIAL MEDIA INFLUENCER ARRESTED

ഈ വാർത്ത ഷെയർ ചെയ്യാം

ബെംഗളൂരുവിൽ പൊതുഇടങ്ങളിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ വിഡിയോകൾ അറിവോ സമ്മതമോ ഇല്ലാതെ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ അറസ്റ്റിൽ. കെആർ പുരം സ്വദേശിയായ 26 കാരനായ ഗുർദീപ് സിങ്ങിനെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.’ട്രാവൽ ആൻഡ് സ്ട്രീറ്റ് ഫാഷൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് സ്ത്രീകളുടെ വിഡിയോയെടുത്ത് അപ്‌ലോഡ് ചെയ്തത്.11,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടിൽ ചർച്ച് സ്ട്രീറ്റ്, കോറമംഗല തുടങ്ങിയ തിരക്കേറിയ തെരുവുകളിൽ സ്ത്രീകൾ നടന്നുപോകുന്നതിൻറെ നിരവധി വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ് പല വിഡിയോകളെന്നും വിമർശനം ഉയർന്നിരുന്നു. കാമറയുമായി സ്ത്രീകളെ പിന്തുടരുമ്പോൾ ചിലർ അസ്വസ്ഥരാകുന്നതടക്കം വിഡിയോയിലുണ്ട്.

ബെംഗളൂരുവിലെ വിദ്യാർഥിനിയുടെ ഒരു വിഡിയോ ഈ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരുന്നു. അനുവാദമില്ലാതെ ചിത്രീകരിച്ച ഈ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ഏറെ വിമർശനം ഉയരുകയും ചെയ്തിരുന്നു. വിഡിയോ നീക്കം ചെയ്യാൻ അക്കൗണ്ട് ഉടമയോട് അപേക്ഷിച്ചെങ്കിലും നിരവധി ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ വഴി ഉള്ളടക്കം റിപ്പോർട്ട് ചെയ്തിട്ടും അവർ അത് അവഗണിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിഡിയോ പുറത്ത് വന്നതോടെ തനിക്ക് അശ്ലീല സന്ദേശങ്ങളടക്കം വന്നുതുടങ്ങിയെന്നും അതുവരെ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് വിഡിയോ പകർത്തിയതെന്നും പെൺകുട്ടി പറഞ്ഞു. ഈ സംഭവം തന്നെ അപമാനപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടി തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്നും നീക്കം ചെയ്യണമെന്നും അക്കൗണ്ട് ഉടമക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നു. ഈ ആവശ്യം ഉന്നയിച്ച് ആയിരക്കണക്കിന് ആളുകൾ സോഷ്യൽമീഡിയയിൽ രംഗത്തെത്തി. തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.ഈ മേയിൽ സമാനമായ രീതിയിൽ സ്ത്രീകളുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ 27 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!