ESI Update

ഈ വാർത്ത ഷെയർ ചെയ്യാം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ എസ് ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്ന വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിൽ. കഴിഞ്ഞ എട്ടു വർഷമായി 21,000 രൂപയുടെ ശമ്പളപരിധിയിൽ മാറ്റംവരുത്താത്തതിനാൽ ഒരു കോടിയോളം തൊഴിലാളികളാണ് സൗജന്യചികിത്സാ ആനുകൂല്യങ്ങളിൽനിന്ന് പുറത്തായത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പച്ചക്കൊടി ലഭിച്ചാലുടൻ വർധന നടപ്പാക്കാനൊരുങ്ങുകയാണ് തൊഴിൽ മന്ത്രാലയവും ഇ എസ്‌ ഐ കോർപ്പറേഷനും.

ജൂണിൽ ഷിംലയിൽ നടന്ന ഇ എസ് ഐ കോർപ്പറേഷൻ യോഗത്തിൻ്റെ അജൻഡയിൽ ശമ്പളപരിധി വർധന ഉൾപ്പെടുത്താത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് ഇ എസ് ഐ കോർപ്പറേഷൻ ചെയർമാൻകൂടിയായ തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി.

പരിധി 42,000 രൂപയെങ്കിലുമാക്കണമെന്ന് ബി എം എസ് ഉൾപ്പെടെയുള്ള തൊഴിലാളിസംഘടനകൾ ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമകളുടെ എതിർപ്പുകൂടി കണക്കിലെടുത്ത് 30,000 രൂപയാക്കാൻ ധാരണയായി.

ഇ എസ് ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ മികച്ച സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ തീരുമാനമായി.

സർക്കാർ ആശുപത്രികളിലേക്കുമാത്രമേ റഫർ ചെയ്യാവൂ എന്ന നിർദേശത്തിനെതിരേ തൊഴിലാളിസംഘടനകൾ രംഗത്തെത്തിയിരുന്നു. ഇ എസ് ഐ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ഉപകരണങ്ങൾ ലഭ്യമാക്കുകയുംചെയ്യുംവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർചെയ്യും.

രാജ്യത്ത് 159 ഇ എസ് ഐ ആശുപത്രികളാണുള്ളത്. ഇതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടും നടത്തുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!