അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ദിവസം രാമനാമം ജപിച്ചും വിളക്കു തെളിയിച്ചും ആഘോഷിക്കണമെന്ന് ഗായിക കെഎസ് ചിത്ര. ഗായികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അയോധ്യയില്‍ പ്രതിഷ്ഠാദിനം ജനുവരി 22ന് നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയജയ രാമ എന്ന രാമമന്ത്രം എല്ലാവരും ജപിച്ചുകൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. – എന്നാണ് ചിത്ര പറഞ്ഞത്.
കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷ് ആണ് വീട്ടിലെത്തി ചിത്രയ്ക്ക് അക്ഷതം നല്‍കിയത്. കൂടാതെ ലഘുലേഖയും ക്ഷണപ്പത്രവും കൈമാറി.
അതിനിടെ സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെ നിരവധി പേരാണ് ചിത്രയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്.