രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശിവഗിരിയിൽ . ശ്രീനാരായണ ഗുരു മഹാസമാധിയുടെ രണ്ടുവര്‍ഷം നീളുന്ന ശതാബ്ദി ആചരണ സമ്മേളനവും രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും.

ശിവഗിരി തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് സമ്മേളനം.ഉച്ചയ്ക്ക് 12.30-ന് പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിച്ചേരുന്ന രാഷ്ട്രപതി റോഡ് മാർഗം 12.40ന് ശിവഗിരിയിലെത്തും. തുടർന്ന് മഹാസമാധിയിൽ പ്രണാമം അർപ്പിക്കും. 12.50ന് തീർത്ഥാടന ഓഡിറ്റോറിയത്തിൽ ശ്രീനാരായണഗുരു മഹാപരിനിർവാണ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമിശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മന്ത്രി വി.എൻ. വാസവൻ, മന്ത്രി വി. ശിവൻകുട്ടി, മുൻ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 1.30മുതൽ 2.40വരെ ശിവഗിരി മഠത്തിൽ ചെലവഴിക്കും. മഠത്തിലെ സന്യാസി ശ്രേഷ്‌ഠർക്കൊപ്പം ഉച്ചഭക്ഷണത്തിന് ശേഷം 2.50ന് പാപനാശം ഹെലിപ്പാടിൽ നിന്നും രാഷ്ട്രപതി മടങ്ങും
