തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പാർട്ട്- ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യതയായി ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയെന്നത് ശരിവെച്ച് ഹൈക്കോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് 2023ൽ അപേക്ഷ ക്ഷണിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്ന യോഗ്യത ചോദ്യം ചെയ്ത് അഖില കേരള തന്ത്രി സമാജമാണ് ഹൈക്കോടതിയെ സമീപിച്ചത്.
താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിനും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി. ഇതിലാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂവെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ശാന്തിയായി നിയമിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽനിന്നോ പാരമ്പര്യത്തിൽനിന്നോ ഉള്ളവർക്കു മാത്രമാണു യോഗ്യത എന്നത് അനിവാര്യമായ മതപരമായ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവ പ്രകാരമുള്ള ഉറച്ച ആവശ്യമാണെന്ന് കരുതാനാവില്ലെന്നും ഇക്കാര്യത്തിൽ അതിനുള്ള വസ്തുതാപരവും നിയമപരവുമായ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരെ ശാന്തി തസ്തികയ്ക്കു പരിഗണിക്കുന്നത് തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു
