ശബരിമല : തീർഥാടകർക്ക് അനുഗ്രഹവർഷമായി മകരജ്യോതി ദർശനം. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. എണ്ണമറ്റ തൊഴുകൈകൾ ഹരിഹരാത്മജനുള്ള നിറമാലയായി.
‘സ്വാമിയേ അയ്യപ്പാ’ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിസാന്ദ്രമായി. അയ്യപ്പന്റെ വിഭൂഷകളുടെ വരവറിയിച്ച് കൃഷ്ണപ്പരുന്ത് കാനന ശ്രീലകത്തിന്റെ ആകാശത്ത് മൂന്നുവട്ടം വലംവച്ചു.
പന്തളത്തു നിന്നു കൊണ്ടുവന്ന തിരുവാഭരണം വാദ്യമേളങ്ങളോടെ സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ചത്. തന്ത്രിയും മേൽശാന്തിയും ചേർന്നു തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോൾ ജ്യോതിസ്വരൂപനെ പ്രാർഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെല്ലാം കർപ്പൂരദീപം തെളിഞ്ഞു.
കണ്ട് കൊതി തീരാതെ, തൊഴുത് കൊതി തീരാതെ പുരുഷാരം. മലമുകളിൽ തെളിഞ്ഞ വിളക്കിൽ നിന്ന് ഒരു നുള്ളുവെട്ടം അണയാജ്വാലയായി മനസ്സിൽ കത്തിച്ചുവച്ച് ഭക്തലക്ഷങ്ങളുടെ മലയിറക്കം.