71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മിസ് വേൾസ് മത്സരത്തിന് ഇന്ത്യ വീണ്ടും വേദിയാകുന്നത്.
‘ആവേശത്തോടെയും അഭിമാനത്തോടെയും ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഇത്തവണ മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. അതിശയകരമായ യാത്രക്കായി തയ്യാറെടുക്കൂ- എന്ന് മിസ് വേൾഡ് മൽസരത്തിൻറെ ചെയർമാൻ ജൂലിയ മോർലെ എക്‌സിൽ കുറിച്ചു.
ഡൽഹിയിലും മുംബൈയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫെബ്രുവരി 20ന് ഓപ്പണിങ് സെറിമണി, ഇന്ത്യ വെൽകംസ് ദ വേൾഡ് ഗാല തുടങ്ങിയവ ഡൽഹിയിലെ ഹോട്ടൽ അശോകിൽ സംഘടിപ്പിക്കും.
വേൾഡ് ടോപ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായി നടക്കും.
കോണ്ടിനെൻറൽ ബ്യൂട്ടി വിത് എ പർപസ് ചാലഞ്ച് ഫെബ്രുവരി 21ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. മുംബൈ ജിയോ വേൾഡ് കൺവെനഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെയും മിസ് വേൾഡ് റെഡ് കാർപെറ്റ് സ്പെഷ്യലും അരങ്ങേറുന്നത്. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് സൗന്ദര്യ വേദിയിൽ മാറ്റുരയ്ക്കുന്നത്. കർണാടക സ്വദേശിനിയായ സിനി ഷെട്ടി ഇന്ത്യയെ പ്രതിനീധീകരിക്കും.
മുൻ മിസ് ഇന്ത്യ കർണാടക വിജയിയായിരുന്നു സിനി.1996 ബെംഗളുരുവിലാണ് ഇന്ത്യ ഒടുവിൽ ആതിഥ്യമരുളിയ ലോക സൗന്ദര്യ മത്സരം നടന്നത്.
88 മത്സരാർഥികളാണ് അന്ന് മൽസരത്തിൽ പങ്കെടുത്തത്. ഗ്രീസിൻറെ ഐറിൻ സ്ക്ലിവയായിരുന്നു കിരീടം ചൂടിയത്.