ചന്ദനത്തിരിയും അഗർബത്തിയുമടക്കം പുകക്കുന്നത് നിഷ്ക്രിയ പുകവലിക്ക് സമാനമായ സാഹചര്യം ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
ശ്വാസകോശത്തെ പതിയെ കൊല്ലുന്നതാണ് അഗർബത്തി ഉപയോഗമെന്ന് ഡെറാഡൂണിൽ നിന്നുള്ള പൾമണോളജിസ്റ്റ് ഡോ. സോണിയ ഗോയൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് വീടുകളിലടക്കം വ്യാപകമായ ചന്ദനത്തിരി ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുന്നുവെന്ന് ഗോയൽ മുന്നറിയിപ്പ് നൽകുന്നു.
അഗർബത്തികൾ പുകയുമ്പോൾ സൂക്ഷ്മ കണികകൾ (പി.എം-2.5), കാർബൺ മോണോക്സൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങൾ എന്നിവ പുറത്തുവിടുന്നു. ഇത് വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും അടച്ചിട്ട സാഹചര്യത്തിൽ ശ്വസിക്കുന്നത് സുരക്ഷിതമല്ലാതാക്കുകയും ചെയ്യുന്നു.
സിഗരറ്റ് പോലെ തന്നെ ദോഷകരം: ചന്ദനത്തിരി പുകയുമ്പോൾ സിഗരറ്റിന് സമാനമായ കണികകൾ ഉത്പാദിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. നിങ്ങൾ പുകവലിക്കുന്നില്ലെങ്കിലും, ദിവസേനെ ചന്ദനത്തിരിയുടെ പുക തുടർച്ചയായി ഉള്ളിലെത്തുന്നത് നിഷ്ക്രിയ പുകവലിക്ക് സമാനമായ സാഹചര്യമുണ്ടാക്കുന്നു.
അലർജിയെ കരുതണം: കുട്ടികൾ, പ്രായമായ കുടുംബാംഗങ്ങൾ, ആസ്ത്മ അല്ലെങ്കിൽ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ കൂടുതൽ കരുതണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പുകയുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന സമ്പർക്കം പോലും അലർജിക്കും, വിട്ടുമാറാത്ത ചുമക്കോ ശ്വസന ബുദ്ധിമുട്ടുകൾക്കോ കാരണമാകും.
ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ: വർഷങ്ങളോളം തുടർച്ചയായി ചന്ദനത്തിരിയുടെ പുകക്ക് വിധേയമാകുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി, ശ്വാസകോശ അർബുദം എന്നിവക്കുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് വായുസഞ്ചാരം കുറഞ്ഞ മുറികളിൽ ഇത് ഉപയോഗിക്കുമ്പോൾ.
മുറികളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പുവരുത്തുന്നത് പ്രത്യാഘാതങ്ങൾ കുറക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ശുദ്ധവായു പ്രവാഹം ഉറപ്പാക്കുക എന്നതാണ് നിർണായകമായ കാര്യമെന്ന് ഡോക്ടർമാരും ചൂണ്ടിക്കാണിക്കുന്നു.