തിരുവനന്തപുരം : ആറ്റിങ്ങലിൽ കൊലക്കേസിൽ പ്രതി പിടിയിൽ. പ്രതി ജോബി ജോർജിനെ കോഴിക്കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. വടകര കണ്ണൂക്കര സ്വദേശി അസ്മിന (37) യെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അഞ്ചുദിവസം മുൻപ് ഇതേ ലോഡ്ജിൽ ക്ലീനിങ് ജോലിക്കായി എത്തിയതാണ് കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജ് (35) എന്ന റോയി. ജോബി മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് അസ്മിന.ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയ്ക്കൊപ്പം മുറിയെടുത്തു. ഇതിനുശേഷം ഇവർ തമ്മിൽ തർക്കങ്ങളുണ്ടായി. തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ക്രൂരമായാണ് അസ്മിനയെ കൊലപ്പെടുത്തിയത്. മദ്യക്കുപ്പി പൊട്ടിച്ച് അസ്മിനയുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ചു.
ബുധൻ രാവിലെ ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനാൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്നപ്പോള്‍ അസ്മിനയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ദേഹത്ത് മുറിവുകളും മുറിയിൽ രക്തക്കറയുമുണ്ടായിരുന്നു.
ബുധന്‍ പുലർച്ചെ നാലോടെ ജോബി മുറിയിൽനിന്ന് പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അസ്മിനയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അസ്‌മിനയുടെ ബാപ്പ: യൂസഫ്. ഉമ്മ: ആസ്യ. മക്കൾ: ഷെസാ ഫാത്തിമ, കുഞ്ഞാറ്റ.
