പൊതുമേഖലാ ബാങ്കുകളിൽ നിയമനത്തിന് സിബിൽ സ്‌കോർ മാനദണ്ഡമാക്കുന്ന നടപടികൾ നിർത്തലാക്കിയതായി കേന്ദ്രം. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ ബാങ്കുകളിൽ ജോലികൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 650 സിബിൽ സ്കോർ വേണമെന്നായിരുന്നു മുൻ നിബന്ധന.
2024-25 സാമ്പത്തിക വർഷം മുതൽ അപേക്ഷ പരിഗണിക്കുന്നതിന് ഈ മാനദണ്ഡം ഉണ്ടാവില്ല. എന്നിരുന്നാലും ജോലിയിൽ ചേരുന്നതിനുമുമ്പ് സിബിൽ സ്‌റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. വ്യക്തിഗത ബാങ്കുകൾ അവരുടെ നയങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുകയും അത് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. സിബിൽ പ്രതികൂലമായുള്ളവർ കുടിശികയില്ലെന്ന് ബന്ധപ്പെട്ട ബാങ്കിൽനിന്നുള്ള എൻഒസി ഹാജരാക്കണം. ഇതില്ലാത്ത പക്ഷം നിയമന ശുപാർശ പിൻവലിക്കാനോ, റദ്ദാക്കാനോ ബാങ്കിന് അധികാരമുണ്ട്.
കേന്ദ്ര സർക്കാർ നിബന്ധനകളുടെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിൽ നിയമനത്തിന് സിബിൽ സ്‌കോർ മാനദണ്ഡമാക്കുന്നത് ഉദ്യോഗാർഥികൾക്ക് ഇരുട്ടടിയായിരുന്നു. വിദ്യാഭ്യാസ വായ്‌പയുടെ സഹായത്തിലാണ് സാധാരണ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പലരും പഠിച്ചിറങ്ങുന്നത്. ജോലി ലഭിക്കുന്നതിലെ കാലതാമസം വായ്‌പാ തിരിച്ചടവിനെ ബാധിക്കുകയും അത് സിബിൽ സ്‌കോറിനെ പ്രതികൂലമാക്കുകയും ചെയ്യും. അത്തരക്കാർക്ക് ബാങ്ക് പരീക്ഷ എഴുതി വിജയിച്ചാലും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാക്കും.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകളിലാകെ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. വർഷങ്ങളായി പരിമിതമായ നിയമനങ്ങളാണ് നടക്കുന്നത്. ഓഫീസ് അസിസ്‌റ്റന്റ്, പ്യൂൺ തസ്‌തികളിൽ നിയമനം നടക്കുന്നുമില്ല. രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ 58 ശതമാനവും നടക്കുന്ന 12 പൊതുമേഖലാ ബാങ്കകളിൽ 7.5 ലക്ഷം ജീവനക്കാരാണുള്ളത്. അതേസമയം, 35 ശതമാനം ഇടപാടുകൾ നടക്കുന്ന സ്വകാര്യ ബാങ്കുകളിൽ 8.5 ലക്ഷം ജീവനക്കാരുണ്ട്.