Ckricket News

ഈ വാർത്ത ഷെയർ ചെയ്യാം

പാകിസ്ഥാനെ തകര്‍ത്ത് എഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഒമ്പതാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തിന് ശേഷം മികച്ച വിജയം തേടിയെങ്കിലും ഇന്ത്യ ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയില്ല.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാന്‍ സമ്മാന വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെയാണ് ടീം വിട്ടു നിന്നത് എന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

‘ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. അത് കഠിനാധ്വാനം ചെയ്താണ് തങ്ങള്‍ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ടൂര്‍ണമെന്റില്‍ ഞാന്‍ അവരുടെ ആരാധകനാണ്.’- സൂര്യകുമാര്‍ യാദവ് പറഞ്ഞു. മത്സര ശേഷം ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാന്‍ ഒരുമണിക്കൂറില്‍ ഏറെ വൈകിയിരുന്നു. എന്നാല്‍ ചടങ്ങ് ആരംഭിച്ചപ്പോള്‍ മെഡലുകള്‍ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ ടീം അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.

അത്യന്തം ആവേശകരമായ പോരാട്ടത്തിന് ഒടുവിലായിരുന്നു ഏഷ്യാകപ്പില്‍ ഇന്ത്യ മുത്തമിട്ടത്. അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം കണ്ടു.

തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തില്‍ അഭിഷേക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വര്‍മ ക്രീസില്‍ എത്തിയത്. പിന്നീട് തിലക് വര്‍മയുടെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ എല്ലാ ഭാഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ വിജയശില്‍പ്പി. 41 പന്തില്‍ നിന്നാണ് തിലക് വര്‍മ അര്‍ധ സെഞ്ച്വറി കുറിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!