വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ താരവും നര്‍ത്തകിയുമായ അഞ്ജിത. പത്മശ്രീ രഞ്ജന ഗോറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയത്. പതിനായിരം രൂപയാണ് നടിയില്‍ നിന്നും തട്ടിയെടുത്തത്.
19 ന് ഉച്ചയോടെയാണ് രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് സന്ദേശം വരുന്നതെന്ന് നടി പറഞ്ഞു. “ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സഹായിക്കാമോ” എന്നായിരുന്നു സന്ദേശം.
സന്ദേശം കണ്ട് രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.ഇത്രയും വലിയൊരാൾ തന്നോട് കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോൺ എടുക്കാതെന്നാണ് അഞ്ജിത കരുതിയത്. രഞ്ജന പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുക്കുകയും അടുത്ത ദിവസം തിരിച്ചു നൽകാമെന്ന് പറഞ്ഞതായും അഞ്ജിത പറഞ്ഞു. ഇതിനൊപ്പംതന്നെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നെന്നും രഞ്ജിത പറഞ്ഞു.
രഞ്ജന ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും തന്റെ വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് താന്‍ 10,000 രൂപ അയച്ചുനല്‍കിക്കഴിഞ്ഞിരുന്നെന്നും അഞ്ജിത പറഞ്ഞു. രഞ്ജനയുടെ നമ്പര്‍ ഇപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജിത കൂട്ടിച്ചേര്‍ത്തു.