ഒരു വർഷത്തേക്ക് കരിയറിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് റാപ്പർ ഡാബ്സി. താരം വ്യക്തമാക്കി. സ്വയം റിചാർജ് ചെയ്യാനും പുതിയ ആശയങ്ങളുമായി തിരികെ എത്താനും ഈ ഇടവേള സഹായിക്കുമെന്ന് താരം പറയുന്നു.
ഡാബ്സിയുടെ വാക്കുകൾ: ‘നിങ്ങളോടൊരു സുപ്രധാന കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനയ്ക്കും പരിഗണനയ്ക്കും ശേഷം കരിയറില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിത്. ഇത് വെറുമൊരു ഇടവേളയായിരിക്കില്ല. വളരാനുള്ള അവസരമാണ്. ഒരു ചുവട് പിന്നോട്ടുവയ്ക്കുന്നത് റീചാര്‍ജാവാന്‍ സാഹായിക്കും. പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും പുതിയ ആശയങ്ങളുമായി തിരികെ വരാനും സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം.’
ഗായകന്റെ അപ്രതീക്ഷിത തീരുമാനം ആരാധകർക്കിടയിൽ ചർച്ചയായി. ഇക്കാര്യത്തിന്റെ പ്രതികരണത്തിനായി ഡാബ്സിയുമായി ബന്ധപ്പെട്ടെങ്കിലും താരം പ്രതികരിച്ചില്ല. കുറച്ചു നാളുകൾക്കു മുൻപ് ഗായിക ഗൗരിലക്ഷ്മിയും ഇതുപോലെ പാട്ടിൽ നിന്നു ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്‌സി മലപ്പുറം സ്വദേശിയാണ്. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളൻ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈയിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’യിലെ ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സി വിവാദത്തിലായിരുന്നു. ‘ബ്ലഡ്’ എന്ന ഗാനത്തിന് നേരെ വിമര്‍ശനമുണ്ടാകുകയും പിന്നാലെ അണിയറപ്രവർത്തകർ സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയുമായിരുന്നു.