തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.
ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കിവരുന്നത് അഞ്ച് ശതമാനം നികുതിയായിരുന്നു. കൂടാതെ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.