ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നവി മുബൈയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചിറയിൻകീഴ് സ്വദേശികളായ കുടുംബം അവസാനമായി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ഓണത്തിനാണെന്ന് ബന്ധുക്കൾ പറഞ്ഞു. ചിറയിൻകീഴ് പണ്ടകാശാല സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജ (38) ഇവരുടെ മകൾ വേദിക സുന്ദർ (6) എന്നിവരാണ് മരിച്ചത്.
ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് നന്ദനം വീട്ടിൽ രാജന്റെയും വിജയലക്ഷ്മിയുടെയും (വാഷി, മുംബൈ) മകളാണ് പൂജ. ഇവർ വർഷങ്ങളായി മുബൈയിലാണ് താമസം. സുന്ദർ ബാലകൃഷ്ണനും പൂജയും സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരാണ്. സുന്ദർ ബാലകൃഷ്ണൻ മുബൈ മലയാളിയാണ്.
മുബൈ വാഷിയിലെ സെക്ടർ 14 റഹേജ റസിഡൻസിയിൽ ചൊവ്വ പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നിലവരെ തീപടർന്നു. ചുറ്റും തീ പടർന്നതോടെ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിൽ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് പുലർച്ചെ നാലുമണിയോടെ തീ അണച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാശി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
