ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനം സാധ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 5 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.