സമുദ്രത്തിനടിയിൽ പഞ്ചജൻ എന്നൊരു അസുരൻ ശംഖിനുള്ളില്‍ കഴിയുന്നുണ്ടായിരുന്നു.ഒരു ദിവസം ഈ അസുരൻ സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്തു.
ഈ സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്‍മാരായിരുന്നു ശ്രീകൃഷ്ണനും ബലരാമനും.മകനെ നഷ്ട്ടപ്പെട്ട ദുഃഖത്തിൽ മഹർഷി തന്റെ ശിഷ്യന്മാരോട് പറഞ്ഞു ‘. കുളിക്കാനായി പോയ എന്റെ മകൻ സമുദ്രത്തില്‍ അകപ്പെട്ടു. നിങ്ങള്‍ വേഗം പോയി അവനെ രക്ഷിച്ചു കൊണ്ടുവരണം.”
”തീര്‍ച്ചയായും ഗുരുദേവാ… ഞങ്ങള്‍ അങ്ങയുടെ മകനുമായി ഉടനെത്താം.”ശ്രീകൃഷ്ണനും ബലരാമനും വൈകാതെ സമുദ്രതീരത്തെത്തി. എന്നിട്ട് സമുദ്രത്തിന്റെ ദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി.
”സമുദ്രത്തിനടിയിൽ പഞ്ചജൻ എന്നൊരു അസുരൻ ശംഖിനുള്ളി ൽ കഴിയുന്നുണ്ട്. അവനാണ് സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്തിരിക്കുന്നത്.” വരുണൻ പറഞ്ഞു.
അതുകേട്ടതും ശ്രീകൃഷ്ണൻ സമുദ്രത്തിലേക്ക് ഊളിയിട്ടു. എന്നിട്ട് ശംഖിനുള്ളില് കഴിയുന്ന പഞ്ചജൻ എന്ന അസുരനെ കണ്ടെത്തി.
എന്റെ ഗുരുവിന് സങ്കടമുണ്ടാക്കിയ നീയിനി ഒരു നിമിഷം ജീവിച്ചിരുന്നുകൂടാ.” എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ ആ അസുരനെ വകവരുത്തി. എന്നിട്ട് ശംഖിനുള്ളില്‍നിന്നും മഹര്‍ഷിയുടെ മകനെ മോചിപ്പിച്ചു.
വൈകാതെ അവര്‍ അവിടെനിന്നും ഗുരുവിന്റെ അടുത്തേക്ക് നീങ്ങി. പഞ്ചജൻ വസിച്ചിരുന്ന ശംഖും അവര്‍ കൂടെ കരുതിയിരുന്നു. മകനെ തിരിച്ചുകിട്ടിയപ്പോള്‍ സാന്ദീപനി മഹര്‍ഷിക്ക് സന്തോഷമായി.
അദ്ദേഹം ശ്രീകൃഷ്ണനേയും ബലരാമനേയും ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ചു. ആ സമയം ശ്രീകൃഷ്ണൻ പഞ്ചജൻ കഴിഞ്ഞിരുന്ന ശംഖെടുത്ത് ഉറക്കെ ഊതി. ആ ശംഖാണ് പിന്നീട് പാഞ്ചജന്യം എന്ന പേരില്‍ അറിയപ്പെട്ടത്.