ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്എ) ചർച്ചയിൽ ധാരണയായെന്ന് സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കളിക്കുന്നത് ഉടനെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം കുറിക്കുന്നു.
നവംബറിൽ ടീം സ്പെയിനിൽ പരിശീലനത്തിന് പോകും എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ) വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പോണ്‍സര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരവും. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിരുന്നില്ല.
നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നാണ് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അർജന്‍റീന കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.
