തിരുവനന്തപുരം : ലോകം ഇന്ന് ഇന്ത്യക്കുമേൽ നോക്കിയിരിക്കെ ആവേശപ്പോരാട്ടത്തിന് മധുരം പകർന്ന് ഗൂഗിളും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്നാണ് തുടങ്ങുന്നത്.
ഈ അവസരത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൾ പുറത്തിറക്കി. രണ്ട് താറാവുകൾ ബാറ്റുമായി ക്രീസിൽ റൺസിനായി ഓടുന്നതാണ് പുതിയ ഡൂഡിൾ.
ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കാൻ പോവുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡും തമ്മിലാണ് ആദ്യമത്സരം. ഒക്ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയാണ് നേരിടുക.
2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യത്തെ ലോകകപ്പ്. ആവേശത്തോടെ ഇന്ത്യൻ താരങ്ങള്‍ അണിനിരക്കുമ്പോഴും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തത്തക്ക പ്രതിഭാ ശാലികളായ നിരവധി താരങ്ങള്‍ എതിര്‍ ടീമുകളിലുണ്ട്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ പ്രമുഖകര്‍ ഉള്‍പ്പെടെ 10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ് ആഗ്രഹിക്കുന്നവരിൽ മുന്നിലുണ്ട്.
