തിരുവനന്തപുരം : റോബോട്ടിക് സംവിധാനമായ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചു. ആരോഗ്യ വകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ, അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജി ഗൈറ്റർ സാധ്യമാക്കിയത്. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി.
സ്‌ട്രോക്ക്, സ്പൈനൽ കോർഡ് ഇഞ്ചുറി, ആക്‌സിഡന്റ്, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റർ. ഇത്തരം രോഗാവസ്ഥകൾ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമുണ്ട്. ജി ഗൈറ്റർ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും.
ആന്റി മൈക്രോബിയൽ റെസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കുന്ന ആന്റിബയോഗ്രാം ആപ്ലിക്കേഷൻ ആൻഡ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് ജൻ റോബോട്ടിക്സാണ് ജി- ഗൈറ്റർ വികസിപ്പിച്ചത്. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കൗൺസിലർ പാളയം രാജൻ, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ജൻ റോബോട്ടിക്‌സിലെ എം കെ വിമൽ ഗോവിന്ദ്, അഫ്‌സൽ മുട്ടിക്കൽ, എൻ പി നിഖിൽ എന്നിവർ പങ്കെടുത്തു.