തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പത്മഭൂഷൺ മധുരൈ ടി.എൻ. ശേഷഗോപാൽ അർഹനായി.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീത രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് നവംബർ 8ന് വൈകുന്നേരം പുരസ്കാരം സമ്മാനിക്കും.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്കാർഹനെ തീരുമാനിച്ചത്.
.
പ്രശസ്ത കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, എ അനന്തപത്മനാഭൻ, തൃപ്പുണിത്തുറ എൻ രാധാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ, എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
2005 ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത് ടി.വി. ഗോപാലകൃഷ്ണനാണ് ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്.19 മത്തെ പുരസ്കാരമാണ് മധുരൈ ടി.എൻ. ശേഷഗോപാലിനെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്.