തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍ രംഗത്ത്. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.
കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ അവരുടെ ജീവിതം തീര്‍ന്നു എന്നും സ്ത്രീകളെ മോശം കണ്ണിലൂടെ കാണുന്നവരാണ് പലരുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു. സാധാരണ സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ പറഞ്ഞു.
‘സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോള്‍ ഉസ്മാന്‍ ഉപതെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി?. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കുക പതിവാണ്,’ പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.