Kerala News

പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി, മാളികപ്പുറം ക്ഷേത്രനടയും തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

തുലാം ഒന്നായ ഒക്ടോബര്‍ 18ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30ന് മണ്ഡപത്തില്‍ മഹാഗണപതിഹോമം നടക്കും. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. 7.30ന് ഉഷപൂജയ്ക്കു ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന വൈദേഹ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കുമ്പോള്‍ നിരുപമ ജി. വര്‍മ്മ ആയിരിക്കും മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുക. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരുമേല്‍ശാന്തിമാരും പുറപ്പെടാശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എസ്.എസ്. ജീവന്‍, ജി. സുന്ദരേശന്‍‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എ. മനോജ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് പത്മനാഭന്‍ നായര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.

തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

22ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 11നാണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. നവംബര്‍ 17നാണ് വൃശ്ചികം ഒന്ന്.

Leave a Reply

Your email address will not be published. Required fields are marked *