തിരുവനന്തപുരം : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ. ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്ന വസ്തുക്കളാണെന്നാണ് പഠന റിപ്പോർട്ട്.ഇപ്പോൾ കുട്ടികൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാക്കറ്റ് ഫുഡാണ് ഉരുളക്കിഴങ്ങ് ചിപ്സ്.
അൾട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ നിക്കോട്ടിൻ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നും, പത്തുപേരിൽ ഒരാൾ എന്നനിലയ്ക്ക് ഈ അഡിക്ഷൻ കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാകുന്നു.
ഇത്തരം ഭക്ഷണവസ്തുക്കളിലടങ്ങിയിരിക്കുന്ന സംസ്കരിച്ച കാർബോഹൈഡ്രേറ്റ്സും കൊഴുപ്പുമാണ് കൂടുതൽ അഡിക്ഷനുണ്ടാക്കുന്നതെന്നാണ് കണ്ടെത്തൽ. പ്രകൃതിദത്തമായ ഭക്ഷണവസ്തുക്കളിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ അളവ് സന്തുലിതമായിരിക്കും. എന്നാൽ അൾട്രാ പ്രൊസസ്ഡ് ഭക്ഷണവസ്തുക്കളിൽ ഇവയുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
മുപ്പത്തിയാറ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 281 പഠനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. ഇതിൽ നിന്നാണ് പതിനാലുശതമാനത്തോളം പേർ ഇത്തരം വസ്തുക്കളിൽ അടിമകളാണെന്ന് കണ്ടെത്തിയത്.
മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗെരാർഹാർഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇത്തരത്തിലുളള ഭക്ഷണങ്ങൾ എപ്പോഴും കഴിക്കാനുള്ള ഒരു അഡിക്ഷൻ ചിലരിൽ ഉണ്ടെന്നും, അമിത ഉപയോഗത്തിലൂടെ ആരോഗ്യം നശിക്കുമെന്നും പഠനത്തിൽ കണ്ടെത്തി.