സംസ്ഥാന ഫിഷറീസ് വകുപ്പ് : സാഗർമിത്ര പദ്ധതിയിൽ അപേക്ഷിക്കാം

JOURNAL NEWS DESK
 
തിരുവനന്തപുരം:  പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയ്ക്കു കീഴിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർ മിത്ര പദ്ധതിയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സമുദ്ര മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നവരാണു സാഗർമിത്രകൾ.


കേരളത്തിലെ ഒമ്പതു തീരദേശ ജില്ലകളിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലേക്ക് 222 സാഗർമിത്രകളെ ആറു മാസത്തേക്കു കരാർ അടിസ്ഥാനത്തിലാണു നിയമിക്കുന്നത്. കരാർകാലത്ത് പ്രതിമാസം 15,000 രൂപ ഇൻസെന്റിവ് നൽകും. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവരും ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രാഗത്ഭ്യമുള്ളവരും വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും മത്സ്യഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്തു വസിക്കുന്നവരോ ആകണം അപേക്ഷകർ. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾ ഫിഷറീസ് വകുപ്പിന്റെ തിരദേശ ജില്ലാ ഓഫിസുകളിലും തീരദേശ മത്സ്യഭവനിലും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഒക്ടോബർ 27നകം സമർപ്പിക്കണമെന്നു ഫീഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0471 2450773.