സെറ്റ് പരീക്ഷ:അപേക്ഷ ക്ഷണിച്ചു.

JOURNAL NEWS DESK

തിരുവനന്തപുരം :  ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ നോണ്‍-വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് 5 വരെയാണ്. അപേക്ഷകള്‍ www.lbscetnre.kerala.gov.in. എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി 9ന് ആണ് പരീക്ഷ. പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും പരിശോധിക്കുന്ന ഒന്നാം പേപ്പര്‍ എല്ലാവരും എഴുതണം. രണ്ടാം പേപ്പറില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരീക്ഷ എഴുതാവുന്നതാണ്. നെഗറ്റീവ് മാര്‍ക്കില്ല.

50 ശതമാനം മാര്‍ക്കോടെ പിജിയും ബിഎഡുമാണ് സെറ്റ് എഴുതാനുള്ള യോഗ്യത. കൊമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍. സോഷ്യല്‍ വര്‍ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് വിഷയക്കാര്‍ക്കും അറബിക്, ഹിന്ദി, ഉറുദു വിഷയങ്ങളില്‍ ഡിഎല്‍എഡ്/എല്‍ടിടിസി യോഗ്യതയുള്ളവര്‍ക്കും ബിഎഡ് നിര്‍ബന്ധമല്ല.

50 ശതമാനം മാര്‍ക്കോടെ ബയോടെക്‌നോളജി എംഎസ്‌സിയും നാച്വറല്‍ സയന്‍സ് ബിഎഡും ഉള്ളവര്‍ക്കും സെറ്റ് എഴുതാം. പട്ടികവിഭാഗക്കാര്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ് / ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കുന്നതല്ല.