സൗകര്യങ്ങൾ ഒരുക്കും.

   

വർക്കല : കർക്കടകവാവി നോടനുബന്ധിച്ച് വർക്കല പാപനാശത്ത് ബലിതർപ്പണച്ചടങ്ങിനെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. വർക്കല താലൂക്ക് ഓഫീസിൽ വി.ജോയി എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇത്തവണ 400-ൽ അധികം പോലീസുകാരെയും 50 സിവിൽ വൊളന്റിയേഴ്‌സിനെയും ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസിനെ അഞ്ച് സോണുകളായി വിന്യസിക്കും.
5000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ സ്ഥലസൗകര്യം ഒരക്കും.
പാപനാശം പ്രദേശത്തും ചുറ്റുപാടുമായി 15 സ്ഥലങ്ങളിൽ കുടിവെള്ളം ടാങ്കറിൽ ലഭ്യമാക്കും. എക്‌സൈസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകൾ പ്രവർത്തിക്കും. കടൽക്ഷോഭമുള്ളതിനാൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം ഇത്തവണ കൺട്രോൾ റൂമിനോട് ചേർന്നുണ്ടാവും. നിലവിലുള്ള 18 ലൈഫ് ഗാർഡുകൾക്കു പുറമേ 22 താത്‌കാലിക ലൈഫ് ഗാർഡുകളെക്കൂടി നിയോഗിക്കും. അതിനുവേണ്ട കാര്യങ്ങൾ ചെയ്യാൻ ഡി.ടി.പി.സി.യെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പ് മൂന്ന് കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ദേവസ്വം ബോർഡ്, പോലീസുമായി ആലോചിച്ച് ആവശ്യമായ സി.സി.ടി.വി. സംവിധാനം ഒരുക്കണമെന്നും തീരുമാനിച്ചു.
കെ.എസ്.ആർ.ടി.സി. 500 ഓളം സർവീസുകൾ നടത്തും. പുനലൂർ, കുണ്ടറ, ചടയമംഗലം, ചാത്തന്നൂർ ഭാഗങ്ങളിൽ നിന്നു കൂടി സ്പെഷ്യൽ സർവീസുകൾ നടത്താനും തീരുമാനിച്ചു.
നഗരസഭ മുൻകൈയെടുത്ത് തെരുവുവിളക്കുകൾ കത്തിക്കാനും, റോഡുകളുടെ ഇരുവശത്തെയും കാടുവെട്ടി വൃത്തിയാക്കാനും, ഹെലിപാഡിൽ ബാരിക്കേഡ് നിർമിക്കാനും, താത്‌കാലിക ശൗചാലയങ്ങൾ നിർമിക്കാനും തീരുമാനിച്ചു.
യോഗത്തിൽ കളക്ടർ ചുമതലപ്പെടുത്തിയ ആർ.ആർ. ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പം ജ്യോതി, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, തഹസിൽദാർ മോഹൻ, വർക്കല ഡിവൈ.എസ്.പി. പി.നിയാസ്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.