വിട...

തിരുവനന്തപുരം: പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് അറിയിച്ചു.കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു.കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.

ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയീരുന്നു.ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസ് ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവികതയില്ലെന്നാണ് പ്രധാമിക വിലയിരുത്തല്‍.