ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി.


ചെന്നൈ: വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞപ്പോൾ മുല്ലപ്പൂ വില കുതിച്ച്  നാലായിരം രൂപയായി. വെണ്ടയ്ക്കക്ക് വില ഇടിഞ്ഞതോടെ തിരുനെല്‍വേലിയിലെ പള്ളമട, പിള്ളയാര്‍കുളം, റാസ്ത, ഭാരതിയപുരം എന്നിവിടങ്ങളില്‍ നിന്നും തൂത്തുക്കുടി ജില്ലയിലെ വെള്ളപ്പനേരിയിലും പരിസരപ്രദേശങ്ങളിലും നിന്നുള്ള നൂറുകണക്കിന് കര്‍ഷകർ പാടത്ത് വിളയെടുത്ത വെണ്ടയ്ക്കയുമായി മാർക്കറ്റിലെത്തിയപ്പോൾ വിലയറിഞ്ഞു ഞെട്ടി അതിൽ ഒരാൾ  വിലയറിഞ്ഞതിന് പിന്നാലെ 500 കിലോ വെണ്ടയ്ക്ക റോഡരികില്‍ തള്ളി.വെണ്ടയ്ക്ക കിലോയ്ക്ക് നാല് രൂപ നിരക്കിലാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും മൊത്തവില്‍പ്പനക്കാര്‍ക്ക് കൊടുക്കുന്നത്. അതിനാല്‍ രണ്ട് രൂപയോ മൂന്ന് രൂപയോ മാത്രമേ കര്‍ഷകര്‍ക്ക് നല്‍കാനാകൂ എന്നാണ് വ്യാപാരികള്‍ പറയുന്നത് 

കഴിഞ്ഞ വര്‍ഷം ഒരു കിലോ വെണ്ടയ്ക്കയ്ക്ക് 50-60 രൂപയായിരുന്നു വില. ഈ വര്‍ഷം മഴ കുറവായിരുന്നതിനാല്‍ പല നെല്‍കര്‍ഷകരും പച്ചക്കറി കൃഷിയിലേക്ക് മാറി. ഇതുമൂലം ഉത്പാദനം കൂടി', കര്‍ഷകര്‍ പറയുന്നു. വിളകള്‍ക്ക് ന്യായവില ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

അതേസമയം മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം. 

കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വർദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയർന്നു. 

ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനത്തിൽ കുറവുണ്ടായതും വിലവർദ്ധനയിലേക്ക് നയിച്ചു.