റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രോട്ടോടൈപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചത്.

ഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ താമസമാക്കിയവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇപ്പോഴുള്ള സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടു തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനാകും. ഇതിന്റെ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രോട്ടോടൈപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് മുമ്പില്‍ ജനുവരി 26 ന് നടക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനവും വിശദീകരിക്കും.

അന്യസംസ്ഥാനങ്ങളില്‍ തൊഴിലിനായി പോകുന്നവര്‍ വോട്ടെടുപ്പിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് വിമുഖത കാട്ടുന്നു. ഇതേത്തുടര്‍ന്ന് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, പോളിങ്ങില്‍ വലിയ കുറവുണ്ടാകുന്നത് പരിഗണിച്ചാണ് പുതിയ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ഇതിന്റെ കരട് രേഖ കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. 

പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരട് രേഖയിലും, അത് നടപ്പിലാക്കുന്നതിലെ നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിട്ടുണ്ട്.

ഒരു പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചെടുത്ത മള്‍ട്ടി റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍, ഒരു വിദൂര പോളിംഗ് ബൂത്തില്‍ നിന്ന് 72 മണ്ഡലങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള നിസംഗത മാറ്റാനും, യുവാക്കളുടേയും നഗരവാസികളുടേയും പങ്കാളിത്തം ഉറപ്പാക്കാനും പുതിയ പദ്ധതി വലിയ ചുവടുവെയ്പ്പാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.