റെഡി....

ഡല്‍ഹി: ജീവനക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ആരംഭിച്ച ഇ- പാസ്ബുക്ക് സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് ഇപിഎഫ് പലിശ കൈമാറിയിട്ടില്ല എന്നതടക്കം ഇപിഎഫ്ഒ വരിക്കാരില്‍ നിന്ന് നിരവധി പരാതികളാണ് കഴിഞ്ഞ കുറെ നാളുകളായി ഉയര്‍ന്നത്. ഇത് പരിഹരിച്ച് ഇ-പാസ്ബുക്ക് സൗകര്യം പുനരാരംഭിച്ചതായും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായുമാണ് ഇപിഎഫ്ഒയുടെ വിശദീകരണം.

ബാലന്‍സ് നോക്കുന്നതിനും മറ്റും ഇ- പാസ്ബുക്ക് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്നതടക്കമായിരുന്നു മറ്റു പരാതികള്‍. ഒക്ടോബറില്‍ സോഫ്റ്റ് വെയര്‍ പരിഷ്‌കരിക്കുന്നത് കൊണ്ടാണ് ഇപിഎഫ് പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ താമസം നേരിടുന്നത് എന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരിച്ചത്. മാസങ്ങള്‍ എടുത്താണ് ഇപിഎഫ്ഒ പ്രശ്‌നം പരിഹരിച്ചത്. 

ബാലന്‍സിന് പുറമേ വരിക്കാരുടെ വിഹിതം, കമ്പനിയുടെ വിഹിതം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇ- പാസ്ബുക്ക് വഴി അക്കൗണ്ട് ഉടമയ്ക്ക് അറിയാന്‍ സാധിക്കും. അക്കൗണ്ടുടമയുടെ പിഎഫ് അക്കൗണ്ടിലേക്ക് പലിശ കൈമാറിയിട്ടുണ്ടെങ്കില്‍ അത് അറിയാനും ഇ - പാസ്ബുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇ - പാസ്ബുക്ക് വഴി ഇപിഎഫ് ബാലന്‍സ് അറിയുന്ന വിധം:

ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ epfindia.gov.in സന്ദര്‍ശിക്കുക

ലോഗിന്‍ ചെയ്യുക

Our Services’ല്‍ ക്ലിക്ക് ചെയ്യുക

മെമ്പര്‍ പാസ്ബുക്ക് തെരഞ്ഞെടുക്കുക

തുടര്‍ന്ന് യൂസര്‍ നെയിമായി യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറും ( യുഎഎന്‍) പാസ്് വേര്‍ഡും നല്‍കുക

തുടര്‍ന്ന് ജോലി സ്ഥലം രേഖപ്പെടുത്തുക(ചില സമയങ്ങളില്‍ ഒരാള്‍ വ്യത്യസ്ത കാലയളവില്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തു എന്ന് വരാം)

വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് വ്യത്യസ്ത മെമ്പര്‍ ഐഡി ഉണ്ടാവും

ആവശ്യമായ ഐഡി തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക

ഇപിഎഫ് പാസ്ബുക്ക് പരിശോധിക്കുക