ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാന്‍ നടപ്പാക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍. അര്‍ധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. 

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നുവെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. ഒബിസി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതിലും കേന്ദ്രത്തെ വിമര്‍ശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വായ്പ എടുപ്പിനെ ഇത് ബാധിക്കുന്നുവെന്ന് നയപ്രഖ്യാപനം ചൂണ്ടിക്കാട്ടി.

ഭരണഘടനാ തത്വങ്ങള്‍ ഭീഷണി നേരിടുകയാണ്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബന്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കാര്‍ഷിക വിപണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനി രൂപവത്കരിക്കും. തോട്ടവിളകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക പരിഗണന. മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്. മുല്ലപ്പെരിയാറിന്റെ നദീതീരങ്ങളെ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും. 

ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കി. കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണം നടപ്പാക്കി. ശിശുമരണ നിരക്ക് കുറച്ചു. വിദ്യാഭ്യാസമേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കി. കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയത്തിലേക്ക് വന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുി മാറ്റും. ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാന്‍ നടപ്പാക്കും. ഓട്ടിസം പാര്‍ക്കുകള്‍ ഒരുക്കും. 

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ബില്ലുകള്‍ ഒപ്പിടാത്തതിനെതിരായ പരോക്ഷ വിമര്‍ശനവും നയപ്രഖ്യാപനത്തിലുൂടെ ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചു. നിയമസഭ ജനങ്ങളുടെ അധികാരവും അഭിപ്രായവും പ്രതിനിധീകരിക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ നിയമമാകുന്നു എന്നുറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.