മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് ആശിഷ് നെഹ്‌റ നടത്തിയത്.

മുംബൈ: ടി20 പോരാട്ടങ്ങള്‍ക്ക് ഇന്ത്യക്ക് പ്രത്യേക പരിശീലകന്‍ വേണമെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവും മുന്‍ താരവുമായ ഹര്‍ഭജന്‍ സിങ്. രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സംഘം മികവ് പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ടി20യില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മികവുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ നിരീക്ഷിക്കുന്നു. ടി20 ലോകകപ്പിലെ സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഭാജിയുടെ പ്രതികരണം. 

സെമിയില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തില്‍ ഇന്ത്യ തീര്‍ത്തും നിറംമങ്ങി. ലീഗ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ ബംഗ്ലാദേശിനോട് വിയര്‍ത്ത് വിജയം നേടുകയായിരുന്നു. അതിനാല്‍ ടി20 മാത്രം സ്‌പെഷലിസ്റ്റ് പരിശീലകന്‍ വേണമെന്ന് ഹര്‍ഭജന്‍ പറയുന്നു. ആശിഷ് നെഹ്‌റ അല്ലെങ്കില്‍ വീരേന്ദര്‍ സെവാഗ് എന്നിവരിലൊരാള്‍ ആ സ്ഥാനത്തേക്ക് വരണമെന്നും ഹര്‍ഭജന്‍ പറയുന്നു. ദ്രാവിഡിനേക്കാള്‍ ടി20 ആശയം ടീമില്‍ നടപ്പാക്കാന്‍ ഇരുവര്‍ക്കും കെല്‍പ്പുണ്ടെന്നും ഭാജി വ്യക്തമാക്കുന്നു. 


'ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്കും ടി20ക്കുമായി നിലവില്‍ ഇന്ത്യക്ക് രണ്ട് ക്യാപ്റ്റന്‍മാരുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് രണ്ട് പരിശീലകരും ഉണ്ടായിക്കൂട. ഇംഗ്ലണ്ട് ഇക്കാര്യം സമര്‍ഥമായി നടപ്പാക്കിയിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലം അവരുടെ ടെസ്റ്റ് ടീമിന്റെ മാത്രം പരിശീലകനാണ്.' 

'വീരേന്ദര്‍ സെവാഗ്, അല്ലെങ്കില്‍ ആശിഷ് നെഹ്‌റ എന്നിവരില്‍ ഒരാള്‍ ഈ സ്ഥാനത്തേക്ക് വരണം. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് ആദ്യ സീസണില്‍ തന്നെ നയിക്കാന്‍ നെഹ്‌റയ്ക്ക് സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയായിരുന്നു അത്. ടി20യുടെ ആശയവും അത് ആവശ്യപ്പെടുന്ന തീരുമാനങ്ങളും എടുക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ വരണം.' 

'ടി20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കോച്ചിന് കാര്യങ്ങള്‍ സമര്‍ഥമായി നടപ്പാക്കാന്‍ സാധിക്കും. നെഹ്‌റ വന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഇന്ത്യന്‍ ടീമിനെ ടി20 ഫോര്‍മാറ്റില്‍ ചാമ്പ്യന്‍മാരാക്കാനുള്ള ചിന്ത മാത്രമായിരിക്കും. മറുഭാഗത്ത് ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാനും സാധിക്കും'- ഹര്‍ഭജന്‍ നിരീക്ഷിക്കുന്നു.

മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് ആശിഷ് നെഹ്‌റ നടത്തിയത്. ആദ്യ ശ്രമത്തില്‍ തന്നെ നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിനെ ടി20 കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ കോച്ച് എന്ന റെക്കോര്‍ഡും നെഹ്‌റയുടെ പേരിലാണ്. 

സെവാഗിന് പക്ഷേ പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തില്ല. നേരത്തെ പഞ്ചാബ് കിങ്‌സിന്റെ മെന്റര്‍ സ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നെങ്കിലും ആ സീസണില്‍ ടീമിന് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല