തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പയ്യന്നൂർ ഓഫ് ക്യാമ്പസിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ  ആദ്യ മീഡിയ സ്ക്കൂൾ ആയ തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വർഷം ( 2020 -21) മുതൽ മലബാർ മേഖലയിൽ ഓഫ് കാമ്പസ് ആരംഭിക്കുന്നു . ഉത്തരകേരളത്തിലെ, മാധ്യമ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്ത് വന്ന് താമസിച്ച് പഠിക്കുന്നതിന് പകരമായി ഈ ഓഫ് കാമ്പസ് പഠനത്തെ  പ്രയോജനപ്പെടുത്താം.

പയ്യന്നൂരിലെ പ്രശസ്തമായ കോ-ഓപ്പറേറ്റീവ് നാഷണൽ കോളജുമായി സഹകരിച്ചാണ് ഓഫ് കാമ്പസ് പ്രവർത്തിക്കുക .  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ഒരു വർഷ പി ജി ഡിപ്ലോമ ഇന്റഗ്രേറ്റഡ് സിലബസും  കോഴ്സുമാണ്  പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജ് ഓഫ് കാമ്പസിലുമുള്ളത് . സംസ്ഥാന സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ്ക്ലബ്ബ് മണ്ണന്തല സിവിൽ സർവ്വീസ് അക്കാദമിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഓഫ് കാമ്പസ് കോഴ്സിന്റെ മാതൃക പിന്തുടർന്നാണ് ഏറ്റവും പുതിയ ഡിജിറ്റൽ മാധ്യമ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ കോഴ്സ്  പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജിലും ആരംഭിക്കുന്നത് . കോവിഡ് പശ്ചാത്തലത്തിൽ തുടക്കത്തിൽ ഓൺലൈൻ ലൈവ് ആയിട്ടാണ് ക്ലാസുകൾ അടുത്ത മാസം ആരംഭിക്കുന്നത് . ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത . ഇപ്പോൾ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം . അപേക്ഷാ ഫോറവും വിശദവിവരങ്ങളും പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജിന്റെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും വെബ് സൈറ്റുകളിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ  ആഗസ്ത് 15 നകം ഓൺലൈനായി സമർപ്പിക്കണം . ഓൺലൈൻ നിയന്ത്രണങ്ങളിൽ വരുന്ന ഇളവുകൾ പ്രകാരം നിബന്ധനകൾ പാലിച്ച്  നേരിട്ടും അപേക്ഷകൾ സ്വീകരിക്കും.