Top Stories

ഒരു ദയക്കും പ്രതി അർഹനല്ല ,പ്രായവും കാര്യമാക്കില്ല : കോടതി

എറണാകുളം : കേരളം കാത്തിരിക്കുന്ന ആ വിധി വന്നു. ഐപിസി 302 പ്രകാരം ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതിഅസഫാക് ആലമിന് ശിക്ഷ വിചാരണ കോടതി വിധിച്ചു.

രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധിപറഞ്ഞത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കൽ ശിശുദിനത്തിലേക്ക് മാറ്റിയത്. ജീവപര്യന്തവും വധ ശിക്ഷയുമാണ് വിധിച്ചത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിശുദിനവും പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്.

രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. 28 വയസ്സുള്ളതിനാല്‍ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് അഭിപ്രായപ്പെട്ടു.

കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ക്രൂമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ വെറും 26 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായത്. ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതി ബീഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നല്‍കിയത്. 

പ്രതിയുടെ ഉദ്ദേശ്യം ബലാത്സംഗമായിരുന്നു എന്നും അതിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കുഞ്ഞിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് ക്രൂരമായ കൊലപാതകം വെളിച്ചത്തുവരാന്‍ കാരണം. 

അഞ്ചുവയസുകാരിയെ പീഡനത്തിന് ശേഷം കഴുത്തു  മുറുക്കി  കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലും തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുകളുമുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. എന്നാല്‍ പീഡനം പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് സ്ഥിരീകരിച്ചത്.

അന്വഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് പതിനെട്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തെ മാലിന്യക്കൂനയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *