ആന പ്രേമികളുടെ ഇഷ്ട താരമായിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാഡീ സംബന്ധമായ രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പരവൻപറമ്പിൽ കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനകളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു.

ശാന്തസ്വഭാവം, കൊഴുത്ത കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും, ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, എടുത്തകൊമ്പുകള്, ഭംഗിയുള്ള കണ്ണുകൾ- ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.
ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂകുന്നേല് കുഞ്ഞൂഞ്ഞ്ചേട്ടൻ എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോൾ അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പൻ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഐരാവതസമന്‍, ഗജരാജന്‍, ഗജരത്നം, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഗജോത്തമന്‍, കളഭകേസരി, തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ഈരാറ്റുപേട്ട അയ്യപ്പന് ലഭിച്ചിട്ടുണ്ട്.