കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയേക്കും. പോക്സോ കേസ് അതിജീവിതയാണ് ഇരുപതുകാരിയായ പെൺകുട്ടി.
പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്നു കരുതി പുലർച്ചെ ഇയാൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം