സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ നിരാശയിലാഴ്ത്തി ബംഗാളിന് കിരീടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാൾ കേരളത്തെ തോൽപിച്ചത്. ഇൻജറി ടൈമിൽ റോബി ഹൻസ്ദയാണ് ബംഗാളിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങൾ കേരളം പാഴാക്കി.
ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ പൊസഷന്‍ നഷ്ടമാക്കിയ കേരളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. തൊട്ടുപിന്നാലെ ബംഗാളിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞുനിർത്തി. 11–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിന്റെ മനോഹരമായൊരു ഹെഡർ പുറത്തേക്കു പോയി. ബാറിനു മുകളിലൂടെയാണു പന്ത് പുറത്തേക്കു പറന്നത്.
40–ാം മിനിറ്റിൽ കേരളത്തിന്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്കിൽ റീബൗണ്ടായി പന്ത് താരത്തിന്റെ കാലുകളിൽ തന്നെ വീണ്ടും എത്തി. പക്ഷേ അപ്പോഴും ലക്ഷ്യം കാണാൻ കേരളത്തിനു സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ടു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. പക്ഷേ ഈ സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല.