satate school kalolsavam news

ഈ വാർത്ത ഷെയർ ചെയ്യാം

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കരവിരുതിൻ്റെ വിസ്മയമൊരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവൃത്തി പരിചയ പ്രദർശന വിപണനമേള. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന്, അദ്ദേഹം സ്റ്റാളുകൾ സന്ദർശിക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രാത്സാഹിപ്പിക്കുന്നതിനായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒഴിവുസമയങ്ങളിൽ അവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സെൻ്ററുകൾ കൂടാതെ സ്കൂൾ ക്ലബ്, സബ്ജില്ലാ ക്ലബ് തുടങ്ങി പ്രവർത്തി പരിചയ ക്ലബുകളുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം കുട്ടികൾക്ക് നൽകും.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി പരിസ്ഥിതി സൗഹൃദ ലോഷനായ തണൽ മുതൽ വെജിറ്റബിൾ പ്രിൻ്റുള്ള സാരി വരെ വൈവിധ്യമാർന്ന വസ്തുക്കൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. “മറ്റൊരാൾക്കുവേണ്ടി സാരിയിൽ കലകൾ തീർക്കുവാനും അതിലേറെ അതുടുത്ത് കാണുവാനും ആഗ്രഹമുണ്ട്. പ്രവർത്തിപരിചയ സ്റ്റാളിലൂടെ ആദ്യമായി കലോത്സവവേദിയിൽ എത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവുമുണ്ട്,” മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ പറഞ്ഞു. മേളയിൽ പച്ചക്കറികൾ കൊണ്ട് സാരിയിൽ തത്സമയം വർണ്ണങ്ങൾ തീർക്കുകയാണ് ഈ കൊച്ചുമിടുക്കി. സാരിയുടെ തുണിത്തരമനുസരിച്ച്, 1000 മുതൽ 1500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുകയെന്ന് സ്കൂളിലെ പ്രവൃത്തിപരിചയ അധ്യാപികയായ വർഷ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസിൻ്റെ കീഴിൽ അഡീഷണൽ ഡയറക്ടർ(അക്കാദമിക്), സംസ്ഥാന പ്രവൃത്തി പരിചയ സ്പെഷ്യൽ ഓഫീസർ എന്നിവരാണ് മേളയുടെ മേൽനോട്ടം നിർവഹിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!